ബാര്‍ നിരോധനകാലത്തെ അനുഭവകഥകള്‍




മദ്യത്തെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നു. മദ്യവര്‍ജനമാണോ മദ്യനിരോധനമാണോ അഭികാമ്യം എന്നതാണ്‌ വിഷയം. മദ്യത്തെക്കുറിച്ചും വ്യക്തികളുടെ മദ്യാസക്തിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ മാനസികാരോഗ്യവിദഗ്‌ധരെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്‌. മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുര്‍ണ ബാര്‍നിരോധനം നീക്കി ത്രീ സ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍ക്ക്‌ ബാര്‍ലൈസന്‍സ്‌്‌ നല്‍കുന്ന മദ്യനയം പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്‌ ഇപ്പോഴത്തെ ചര്‍ച്ചയ്‌ക്ക്‌ ആധാരം. വിഷയത്തിലെ രാഷ്ട്രീയമല്ല, സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തി എങ്ങനെ നേരിടാം എന്നതാണ്‌ ഇവിടത്തെ മനഃശാസ്‌ത്രചിന്ത. ബാര്‍ നിരോധനകാലത്ത്‌ മദ്യപാനരീതിയില്‍ വന്ന യഥാര്‍ഥ മാറ്റവും പരിശോധിക്കേണ്ടതുണ്ട്‌.
ബാര്‍നിരോധനത്തിലൂടെ ബാറിലിരുന്നുള്ള മദ്യപാനം കുറഞ്ഞുവെന്നത്‌ ശരിയാണ്‌. എന്നാല്‍, മദ്യലഭ്യതയും മദ്യ ഉപഭോഗവും കുറഞ്ഞില്ല. മദ്യപാനരീതിയില്‍ മാറ്റംവന്നു എന്നതാണ്‌ നിരവധിയായ ക്‌ളിനിക്കല്‍ അനുഭവങ്ങള്‍ തെളിയിക്കുന്നത്‌. ഏതുവിധേനയും മദ്യം സ്വന്തമാക്കി അത്‌ സ്വൈരമായി കുടിക്കുന്നതിന്‌ ഇടംതേടി അവര്‍ സ്വന്തം വീടുകളിലേക്കും റബര്‍തോട്ടങ്ങളിലേക്കും തെങ്ങിന്‍ പുരയിടങ്ങളിലേക്കും നദിക്കരകളിലേക്കും എല്ലാറ്റിനുമുപരി തെരുവോരങ്ങളിലേക്കും മാറിയെന്നതാണ്‌ വസ്‌തുത. അതായത്‌ മനുഷ്യര്‍ സന്തോഷപൂര്‍വം വിഹരിച്ചിരുന്ന ഇടങ്ങള്‍ സഞ്ചരിക്കുന്ന ബാറുകളായി മാറി. 
ബാര്‍ നിരോധനത്തിലൂടെ വീടുകള്‍ ബാറുകളായി മാറിയെന്നതാണ്‌ സമൂഹത്തില്‍വന്ന ഏക മാറ്റമെന്ന്‌ ഒരു ഉന്നത കോണ്‍ഗ്രസ്‌ നേതാവ്‌ അഭിപ്രായപ്പെട്ടത്‌ വളരെ ശരിയാണെന്ന്‌ മാനസികാരോഗ്യ ക്‌ളിനിക്കല്‍ അനുഭവങ്ങള്‍ തെളിയിക്കുന്നു.
ഇത്തരത്തില്‍ വീടുകള്‍ ബാറുകള്‍ ആയി മാറിയതിന്റെ ഭാഗമായി രൂപപ്പെട്ട ഗാര്‍ഹിക പീഡനത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും പുത്തന്‍തലങ്ങള്‍ ബാര്‍നിരോധനത്തിന്റെ തുടക്കത്തില്‍ത്തന്നെ ക്‌ളിനിക്കല്‍ പ്രാക്ടീസില്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. വീടുകള്‍ ബാറുകളായി മാറിയതിന്റെ അനന്തരഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിച്ചത്‌ സ്‌ത്രീകളും കുട്ടികളുമാണ്‌. സമൂഹത്തില്‍ ഉണ്ടാകുന്ന സൂക്ഷ്‌മമായ മാറ്റങ്ങളെ ക്‌ളിനിക്കല്‍ അനുഭവങ്ങളില്‍ പ്രതിഫലിപ്പിക്കുമെന്നതിന്‌ തെളിവായി ഒരു കേസ്‌ ഇവിടെ പരാമര്‍ശിക്കുന്നത്‌ ഉചിതമായിരിക്കും.
ഒരിക്കല്‍ കടുത്ത ഭയവും വെപ്രാളവും പ്രകടിപ്പിക്കുന്ന ഒരു ഒമ്‌ബതു വയസ്സുകാരിയെ മാതാപിതാക്കള്‍ കൊണ്ടുവന്നു. കുട്ടിക്ക്‌ ഇത്തരത്തില്‍ സ്വഭാവമാറ്റം തുടങ്ങിയിട്ട്‌ ഒരുമാസമായി. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും സ്ഥിതിയില്‍ മാറ്റമില്ല. അങ്ങനെയാണ്‌ അവര്‍ എസ്‌എടിയിലെ ബിഹേവിയര്‍ പീഡിയാട്രിക്‌സിലേക്ക്‌ റെഫര്‍ ചെയ്യപ്പെട്ടു വന്നത്‌. കുട്ടിയെ ഒറ്റയ്‌ക്ക്‌ മണിക്കൂറുകള്‍നീണ്ട ദീര്‍ഘമായ മാനസികവിശകലനത്തിന്‌ വിധേയമാക്കിയപ്പോള്‍ കണ്ടത്‌ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ്‌. കുട്ടി തന്റെ മാമനില്‍നിന്ന്‌ ലൈംഗികപീഡനശ്രമത്തിന്‌ വിധേയമായിരിക്കുന്നു. ശനിയും ഞായറും അവധിയായതിനാല്‍ ഒരു വെള്ളിയാഴ്‌ച ദിവസം വൈകുന്നേരം അമ്മ തന്റെ കുട്ടിയെ ദൂരെയുള്ള മാമന്റെ വീട്ടില്‍ കൊണ്ടുചെന്നുവിട്ടു. അന്ന്‌ മാമന്‍ സുഹൃത്തുക്കളുമൊത്ത്‌ രാത്രിയില്‍ ഒരു മദ്യക്കുപ്പിയുമായി വീട്ടില്‍ വന്നു . വൈകുവോളം കുടിച്ചു. ഈ സമയം കുട്ടിയും മാമിയും മറ്റ്‌ കുട്ടികളും ഉറക്കമായി. എല്ലാവരും തറയിലാണ്‌ ഉറക്കം. മദ്യപിച്ചു സുഹൃത്തുക്കള്‍ പിരിഞ്ഞപ്പോള്‍ ഇരുട്ടത്ത്‌ അയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടി 'ഭയന്ന്‌ നിലവിളിച്ചു. മാമി ഉണര്‍ന്ന്‌ വിളക്ക്‌ കത്തിച്ചെങ്കിലും കുട്ടി പേടിച്ച്‌ ഒന്നും പറഞ്ഞില്ല. എന്നാല്‍, ആ രാത്രി മുഴുവനും കുട്ടി 'ഭയന്ന്‌ ഉറങ്ങാതെ കിടന്നു. ഇനിയും തന്നെ ഉപദ്രവിക്കാന്‍ വരുമോയെന്നായിരുന്നു കുട്ടിയുടെ ഭയം. രാവിലെ കുട്ടിയുടെ സ്വഭാവത്തില്‍വന്ന മാറ്റംകണ്ട്‌ മാമി കുട്ടിയെ ആശുപത്രിയില്‍ കാണിച്ചു. എന്തോ കണ്ട്‌ 'ഭയന്നെന്നായിരുന്നു എല്ലാവരുടെയും നിഗമനം. ഒടുവില്‍ കാര്യങ്ങള്‍ വ്യക്തമായശേഷം ഞാന്‍ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച്‌ കാര്യങ്ങള്‍ ധരിപ്പിച്ചു. `ചേട്ടനെ നിരവധി തവണ മദ്യാസക്തിക്ക്‌ ചികിത്സിച്ചതാണ്‌. ഒരു ഫലവും ഇല്ല. ഇപ്പോള്‍ ബാറില്ലാത്തതിനാല്‍ മദ്യം എവിടെനിന്നെങ്കിലും വാങ്ങി വീട്ടിലിരുന്നാണ്‌ മദ്യപാനം. ഇതിനെ എതിര്‍ക്കുന്ന ചേച്ചിക്ക്‌ എന്നും ഇടി കിട്ടും. ഇതിലും ഭേദം ബാറുകള്‍ ഉള്ളതായിരുന്നു. എവിടെ നിന്നെങ്കിലും കുടിച്ചിട്ട്‌ വീട്ടില്‍ വന്നുകിടന്ന്‌ ഉറങ്ങിക്കൊള്ളുമായിരുന്നു. ഇതായിരുന്നു അമ്മയുടെ പ്രതികരണം. മാമനെ ഇപ്പോള്‍ കൊല്ലുമെന്നായിരുന്നു അച്ഛന്റെ പ്രതികരണം. പ്രശ്‌നം കേസായി.
വീടുകള്‍ ബാറുകളായതിന്റെ തിക്തഫലങ്ങള്‍ നിരവധി വേറെയുമുണ്ട്‌ ഒരിക്കല്‍ കൌമാരക്കാരനായ ഒമ്‌ബതാം ക്‌ളാസുകാരനെ കൂട്ടുകാരുമൊത്ത്‌ തെങ്ങിന്‍പുരയിടത്തില്‍ ഇരുന്ന്‌ മദ്യപിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ ഉണര്‍വില്‍ കൊണ്ടുവന്നു. വിശകലനത്തില്‍ വെളിവായത്‌ ബാര്‍ നിരോധിച്ചത്‌ മൂലം വീട്ടിലേക്ക്‌ കുടി മാറ്റിയ അച്ഛന്‍ കരുതിയിരുന്ന മദ്യം മോഷ്ടിച്ച്‌ കൂട്ടുകാരുമൊത്ത്‌ മദ്യപരീക്ഷണം നടത്തിയതാണ്‌ കൌമാരക്കാരന്‍. ഇവിടെ മദ്യപാനികളും കുടുംബവും സമൂഹവും അറിയേണ്ട ഒരു പ്രധാന കാര്യമുണ്ട്‌. ബാറില്‍ പോയി മദ്യപിച്ച്‌ റോഡില്‍ കിടക്കുന്ന മദ്യപാനിയുടെ മകന്‍ ഭാവിയില്‍ മദ്യപാനിയാകുന്നതിനേക്കാള്‍ കൂടുതല്‍ സാധ്യത വീട്ടിലിരുന്നു മദ്യപിക്കുന്ന അച്ഛന്റെ മകന്‍ മദ്യപാനിയാകുന്നതിനാണ്‌. ഇത്‌ തലമുറകളിലൂടെ വ്യാപരിക്കുന്ന മദ്യാസക്തിയുടെ മനഃശാസ്‌ത്രമാണ്‌.
ബാര്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ മദ്യഉപഭോഗം കുറഞ്ഞുവെന്നതാണ്‌ ഒരു പ്രബലമായ വാദം. എന്നാല്‍, മദ്യ ഉപഭോഗം കുറഞ്ഞില്ലെന്ന്‌ മാത്രമല്ല മറ്റ്‌ വീര്യം കൂടിയ മയക്കുമരുന്നുകളുടെ ഉപയോഗം കൂടി. രണ്ടാമത്തെ വാദത്തെ ശരിവയ്‌ക്കുന്നതാണ്‌ സ്ഥിതിവിവരക്കണക്കുകളും ക്‌ളിനിക്കല്‍ അനുഭവങ്ങളും. മയക്കുമരുന്നിന്റെ ഉപയോഗം മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും കൌമാരക്കാരിലും കൂടി. സാധാരണ മയക്കു മരുന്നുകള്‍ക്കൊപ്പം കഫ്‌സിറപ്പ്‌ തുടങ്ങിയവ കൂടി മദ്യത്തില്‍ കലര്‍ത്തി ഉപയോഗിക്കുന്ന പ്രവണത കുട്ടികള്‍ക്കിടയിലും വര്‍ധിച്ചിട്ടുണ്ട്‌. മദ്യാസക്തിയുള്ളവര്‍ ഏതുവിധേനയും മദ്യം സംഘടിപ്പിച്ചു കുടിക്കും. അതിന്‌ വേണ്ടിവരുന്ന അധികച്ചെലവ്‌ അവരെ പിന്തിരിപ്പിക്കില്ല. പകരം അത്‌ ഭാര്യയുടെയോ മക്കളുടെയോ മാല മോഷ്ടിച്ചായാലും വിറ്റിട്ടായാലും അവര്‍ നടത്തിയിരിക്കും. മദ്യലഭ്യത കുറയുമ്‌ബോള്‍ മദ്യപാനച്ചെലവ്‌ കൂടും. അല്ലെങ്കില്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലഹരി കിട്ടുന്ന മറ്റ്‌ മാര്‍ഗങ്ങള്‍ തേടി മയക്കുമരുന്നുപയോഗത്തിലേക്ക്‌ പുതിയതായി പ്രവേശിക്കും. ചിലര്‍ പൂര്‍ണമായി മയക്കു മരുന്നുപയോഗത്തിലേക്ക്‌ പോകുമെങ്കില്‍ മറ്റ്‌ ചിലര്‍ ഒരേസമയം മദ്യത്തിലും മയക്കുമരുന്നിലുമായി നിലകൊള്ളും.
മദ്യപാനം ശീലിച്ച്‌ കടുത്ത മദ്യാസക്തിയിലേക്ക്‌ തിരിയുന്നതാണ്‌ നമ്മുടെ ഒരു രീതി. അത്‌ കൌമാരകാലത്തായിരിക്കും തുടങ്ങുന്നത്‌. അത്‌ ബാറുകള്‍ നിരോധിച്ചതുകൊണ്ട്‌ അവസാനിക്കുകയില്ല. മദ്യം നിരോധിച്ചതുകൊണ്ടും അവസാനിക്കുകയില്ല. മദ്യനിരോധനം രാജ്യത്തും മറ്റ്‌ വിദേശരാജ്യങ്ങളിലും പരീക്ഷിച്ചു പരാജയപ്പെട്ടതാണെന്നും ഓര്‍ക്കുക. കുട്ടികളിലും കൌമാരക്കാര്‍ക്കിടയിലും വര്‍ധിച്ചുവരുന്ന മദ്യപാനവും മദ്യാസക്തിയും മയക്കു മരുന്നുപയോഗവും നേരിടുന്നതിന്‌ കൃത്യമായ പരിപാടികളാണ്‌ ആസൂത്രണംചെയ്യേണ്ടത്‌. സ്‌കൂളുകളിലും വീടുകളിലും സമൂഹത്തിലും വൈവിധ്യപൂര്‍ണണവും ബഹുമുഖവുമായ ഇടപെടല്‍ വേണ്ടിവരും. അങ്ങനെ സമൂഹത്തെ ഈ വിഷയത്തില്‍ വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്നതിലൂടെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറഞ്ഞുവരും. പുകവലിക്കെതിരെ 70കളിലും 80കളിലും ഉണ്ടായ വലിയ പ്രചാരണം നല്ല പ്രയോജനം ഉണ്ടാക്കി. മദ്യാസക്തിക്കെതിരെയും ഇത്തരമൊരു യജ്ഞം ആവശ്യമാണ്‌. അങ്ങനെമാത്രമേ മദ്യവര്‍ജനത്തിലേക്ക്‌ നീങ്ങുന്നതിന്‌ കഴിയുകയുള്ളൂ. ഒപ്പം മദ്യാസക്തിയെ നിയന്ത്രിക്കുന്നതിനുള്ള ചര്‍്‌ച്ചകളും ശാസ്‌ത്രീയമായി ഉയര്‍ത്തിക്കൊണ്ടുവരണം. മദ്യാസക്തി ശാസ്‌ത്രീയമായി ചികിത്സിക്കുന്നതിന്‌ ആവശ്യമായ മാനസികാരോഗ്യവിദഗ്‌ധരുടെ സേവനം ഉറപ്പുവരുത്തുന്ന ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ നമുക്ക്‌ ഇനിയും വേണ്ടതുണ്ട്‌

Comments

Popular posts from this blog

മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും

അറിയാനുള്ള അവകാശത്തിനു വിലങ്ങ്‌

തീരദേശ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍