പ്രകാശം പരത്തട്ടെ പുതിയ അധ്യയനവര്‍ഷം



അഡ്വ. ചാര്‍ളി പോള്‍


പുതിയ ക്ലാസ്സില്‍ പുതിയ മനസ്സുമായി വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കുകയാണ്‌. പുതിയ അധ്യയന വര്‍ഷം പ്രതീക്ഷയുടെ വെളിച്ചമാണ്‌. പിന്നിട്ട വര്‍ഷത്തെ വിലയിരുത്തി, പാഠങ്ങള്‍ പഠിച്ച്‌ പുതിയ കര്‍മ്മപദ്ധതി കള്‍ വിഭാവനം ചെയ്യാനും, പോരായ്‌മകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി, നഷ്ടപ്രഭാവം വീണ്ടെടുക്കുവാനു മുള്ള അവസരമാണ്‌ പുതിയ അധ്യയനവര്‍ഷം. ആദ്യം വേണ്ടത്‌ അലസത വെടിഞ്ഞ്‌ അധ്വാനം ശീലമാക്കി പുതുവര്‍ഷത്തെ വിജയവര്‍ഷമാക്കി മാറ്റുവാനുള്ള തീരുമാനമാണ്‌. തീരുമാനങ്ങള്‍ ഒരു ബുക്കില്‍ എഴുതി വയ്‌ക്കണം. അത്‌ ഇടയ്‌ക്കിടെ നോക്കി വിഷ്വലൈസ്‌ ചെയ്‌ത്‌ മനസ്സില്‍ ഉറപ്പിക്കണം. ലക്ഷ്യങ്ങള്‍ ഉറപ്പിച്ചാല്‍ മസ്‌തിഷ്‌കവും നാഡീവ്യൂഹവും ഈ ലക്ഷ്യപ്രാപ്‌തിക്കായി പ്രവര്‍ത്തനം ആരംഭിക്കും. ചിന്തകളെയും പ്രവര്‍ത്തികളെയും ആ ലക്ഷ്യം ഏകോപിപ്പിക്കും. മാനസിക ഊര്‍ജ്ജപ്രവാഹത്തിന്‌ ഒരു പുതിയ ചാല്‍ തെളിയും. പുതിയ സ്വഭാവങ്ങള്‍, അത്‌ തരുന്ന അനുഭൂതി, അതേ അനുഭൂതി ഊട്ടിയുറപ്പിക്കുന്ന കര്‍മ്മങ്ങള്‍ എന്നിവ ലക്ഷ്യപ്രാപ്‌തി പ്രായോഗികമാക്കും. ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി വിദ്യാഭ്യാസത്തെയും സ്‌കൂള്‍ ജീവിതത്തെയും സ്‌നേഹിച്ചു മുന്നേറുക.
ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോര്‍ വാഹനകമ്പനിയുടെ ഉപജ്ഞാതാവായ ടാറ്റായോട്‌ ഒരാള്‍ ചോദിച്ചു. ``ലോകത്തിലെ ഏഴ്‌ അത്ഭുതങ്ങള്‍ എന്തൊക്കെയാണ്‌'' എന്ന്‌. തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നിവയാണെന്നായിരുന്നു ടാറ്റായുടെ മറുപടി. ഓരോദിനത്തെയും പുതിയ ആകാശ മായും പുതിയ ഭൂമിയായും കാണുക. ഓരോ ദിനവും ഓരോ പ്രതീക്ഷയാണ്‌. വിശ്രമിക്കാനോ സുഖിക്കാനോ ഉള്ളതല്ല ജവിതം. മറിച്ച്‌ നിരന്തരമായി പ്രയത്‌നിക്കാനുള്ളതാണ്‌. പിറകിലുള്ള പരിഹാസത്തേക്കാള്‍ മുമ്പിലുള്ള ആര്‍പ്പുവിളികളെ മനസ്സില്‍ താലോലിക്കുക. നഷ്ടപ്പെട്ടവയെപ്പറ്റി ചിന്തിക്കാതെ അവശേഷിച്ചിരിക്കുന്നതിനെപ്പറ്റി ചിന്തിക്കുക.
ഒന്നാമതായും രണ്ടാമതായും മൂന്നാമതായും പഠനത്തിന്‌ പ്രാധാന്യം കൊടുക്കുക. പഠന മികവ്‌ പ്രകടിപ്പിച്ചാലേ തുടര്‍പഠനത്തിന്‌ അവസരം ലഭിക്കൂ. തടര്‍പഠനം നടത്തിയാലേ മികച്ച ജോലി ലഭിക്കൂ. നല്ല ജോലി ലഭിച്ചാല്‍ ഭാവി ജീവിതം സുരക്ഷിതമാകും. ഈ വര്‍ഷം ഞാന്‍ നന്നായി പഠിക്കും എന്ന്‌ തീരുമാനിക്കു ക. നേര്‍വഴി കാട്ടാന്‍ കഴിയുന്ന നല്ലസുഹൃത്തുക്കളെ പുതുവര്‍ഷത്തില്‍ കണ്ടെത്തണം. ദു:ശ്ശീലങ്ങളിലേക്കും നാശത്തിലക്കേും പ്രലോഭിപ്പിക്കുന്നവരെ ഒഴിവാക്കുക. പോസിറ്റീവായി ചിന്തിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നവരെ കൂട്ടുകാരായി സ്വീകരിക്കുക. കൂടുതല്‍ അറിവുള്ള മനുഷ്യനെ സൃഷ്ടിക്കുക എന്നതല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. മറിച്ച്‌ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനായി രൂപാന്തരപ്പെടുത്തുക എന്നതാണ്‌. പഠന മികവിനോടൊപ്പം ജീവിതമൂല്യങ്ങളും ആര്‍ജ്ജിച്ചെടുക്കണം. സ്വഭാവഗുണം ആര്‍ജ്ജിക്കലാണ്‌ വിദ്യാഭ്യാസത്തിന്റെ മൗലികലക്ഷ്യം. ഓരോദിനം കഴിയുമ്പോഴും നമ്മെ നാം കുറച്ചുകൂടി മെച്ചപ്പെടുത്തണം. കൂടുതല്‍ പക്വതയാര്‍ന്ന വ്യക്തിത്വത്തിന്‌ ഉടമയായി സ്വയം മാറാന്‍ തീരുമാനിക്കുക. ``നിങ്ങള്‍ നിങ്ങളെത്തന്നെ അറിയുക'' എന്ന അരിസ്റ്റോട്ടിലിന്റെ പ്രശസ്‌തമായ ആപ്‌തവാക്യം ഓര്‍മ്മിക്കുക. ജീവിത വീക്ഷണത്തില്‍ പോസിറ്റീവ്‌ ആകുക. പഠനപുസ്‌തകങ്ങള്‍ മാത്രമല്ല, മറ്റ്‌ വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങളും ദിനപ്പത്രവും ദിവസവും വായിക്കണം. പുത്തന്‍ ആശയങ്ങളും ചിന്തകളും പരന്ന വായനയിലൂടെ ലഭിക്കും. വിജ്ഞാനികളും പ്രതിഭാശാലികളുമായി മാറാന്‍ അതു നിങ്ങളെ സഹായിക്കും. 
സ്വയം മതിപ്പും (Self esteem), ആത്മവിശ്വാസവും (Self confidence) ഉള്ളവരാണ്‌ ജീവിതത്തില്‍ വിജയം വരിക്കുക. സ്വന്തം നന്മകള്‍ കണ്ടെത്തുമ്പോള്‍ സ്വയം മതിപ്പുണ്ടാകും. ``എന്നെക്കൊണ്ട്‌ സാധിക്കും'' എന്ന ചിന്തയാണ്‌ ആത്മവിശ്വാസം. ഇവ രണ്ടും വളര്‍ത്തിയെടുക്കണം. മാന്യമായ വസ്‌ത്രധാരണം ശീലമാക്കു ക. അത്‌ ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ മുഖമുദ്രയാണ്‌. നല്ല ഭക്ഷണശീലങ്ങളും സ്വായത്തമാക്കുക. അടുക്കും ചിട്ടയും സമയക്രമവും പാലിച്ചവരാണ്‌ ജീവിത്തില്‍ ഉന്നതവിജയം നേടിയവര്‍. അടുക്കും ചിട്ടയും പാലിച്ചാല്‍ സമയലാഭമുണ്ടാകും. അടുക്കിവയ്‌ക്കുന്ന ശീലവും ചിട്ടയും ജീവിതത്തിന്‌ സൗന്ദര്യം നല്‍കും. നഷ്ടപ്പെട്ട ഒരു നിമിഷത്തെപ്പോലും തിരിച്ചുപിടിക്കാനാവില്ല. ടൈം ടേബിള്‍ തയ്യാറാക്കി അതനുസരിച്ച്‌ പഠിച്ചു മുന്നേറുക. 
മാതാപിതാക്കള്‍ മക്കളുടെ കൂട്ടുകാരാകുക. അവരുടെ നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. അവര്‍ മനസ്സു തുറക്കട്ടെ. തെറ്റും ശരിയും അവരെ സ്‌നേഹത്തോടെ ബോധ്യപ്പെടുത്തുക. ഉള്ളുതുറന്ന സംസാരവും ആഹ്ലാദകരമായ കൂട്ടായ്‌മയും ഒത്തുചേരലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. സ്‌നേഹവും സഹനാനുഭൂതിയുമാണ്‌ അധ്യാപകര്‍ക്ക്‌ വേണ്ട പ്രഥമ ഗുണം. അധ്യാപനം സ്‌നേത്തിന്റെ പ്രകാശനമാകട്ടെ പുതുവര്‍ഷം പ്രകാശം പരത്തുന്നതാകട്ടെ. (9847034600) 

Comments

Popular posts from this blog

മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും

അറിയാനുള്ള അവകാശത്തിനു വിലങ്ങ്‌

തീരദേശ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍